Share this Article
News Malayalam 24x7
യുവനടി ഇപ്പോഴും അടുത്ത സുഹൃത്ത്, ഇപ്പോഴും സൗഹൃദമുണ്ട്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ
വെബ് ടീം
posted on 21-08-2025
1 min read
RAHUL MANKOOTTATHIL

പത്തനംതിട്ട: തന്നോട് ഹൈക്കമാൻഡോ നേതാക്കളോ ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പുറത്തുവന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാകുന്നതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി. യുവനടി ആരുടെയും പേര് പറഞ്ഞിട്ടില്ല. തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.അടൂരിലെ വീട്ടില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. 

എനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ആരും പരാതി നല്‍കിയിട്ടില്ല.അത്തരത്തില്‍ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നൊരു പരാതി ആരെങ്കിലും കൊടുത്തിട്ടുണ്ടോ. ശബ്ദസന്ദേശങ്ങള്‍ ഉണ്ടാക്കാന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും കഴിയും. കോണ്‍ഗ്രസിന്റെ അനുഭാവിയായ വ്യക്തി എന്റെ പേര് പറഞ്ഞോ. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനല്ലേ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഏതെങ്കിലും പോലീസ് സ്‌റ്റേഷനില്‍ എനിക്കെതിരെ പരാതിയുണ്ടോ. ഹണി ഭാസ്‌കരന് തെളിയിക്കാന്‍ സാധിക്കുമോ. രണ്ടുപേര്‍ സംസാരിക്കുന്നത് തെറ്റാണെങ്കില്‍ അവര്‍ ചെയ്തതും തെറ്റാണ്. ഹണി ഭാസ്‌കരന് ആക്ഷേപമുണ്ടെങ്കില്‍ അവരത് തെളിയിക്കട്ടെ.സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്യേണ്ട സമയത്ത് അതില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്.

ഈ പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ സമ്മതിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിനിധിയാണ് ഞാന്‍. എന്നെ ന്യായീകരിച്ചുകൊണ്ടിരിക്കുകയല്ല പാര്‍ട്ടി പ്രവര്‍ത്തകരുടെ ബാധ്യത. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories