കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ അഡ്വ. ഒ.ജെ. ജനീഷ് നിയമിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സംസ്ഥാന ഉപാധ്യക്ഷനായ അബിൻ വർക്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് മാധ്യമങ്ങളെ കാണുമെന്നാണ് അബിൻ വർക്കി എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന് നൽകിയ ദേശീയ സെക്രട്ടറി പദവി ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിലും തീരുമാനമറിയിക്കും.യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമാണ് ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ് അവസാനം ഒ.ജെ. ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അതോടൊപ്പം, കെ.എം. അഭിജിത്ത്, അബിൻ വർക്കി എന്നിവരെ സംഘടനയുടെ ദേശീയ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു.എന്നാൽ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ രാഹുൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ അബിനെ ദേശീയ സെക്രട്ടറിയാക്കി ഒതുക്കിയെന്ന വികാരം സംഘടനയിൽ ശക്തമാണ്. ഇതാകാം വാർത്താസമ്മേളനം വിളിച്ച് പ്രതികരിക്കാനുള്ള അബിന്‍റെ തീരുമാനത്തിന് പിന്നിൽ.
അതേ സമയം പുതിയ ഭാരവാഹി പ്രഖ്യാപനത്തിൽ ഐ ഗ്രൂപ്പ് (രമേശ് ചെന്നിത്തല വിഭാഗം) കടുത്ത അതൃപ്തിയില്‍. അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടതിന് പുറമെ പുതുതായി സൃഷ്ടിക്കപ്പെട്ട രണ്ട് പദവികളും (വർക്കിങ് പ്രസിഡൻ്റ്, ദേശീയ സെക്രട്ടറിമാർ) കെ.സി. വേണുഗോപാൽ വിഭാഗം കൈക്കലാക്കിയെന്നാണ് പ്രധാന വിമർശനം.സംഘടന തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയുടെ കാര്യത്തിൽ സ്വാഭാവിക നീതി നടപ്പായില്ലെന്ന് രമേശ് വിഭാഗം ആരോപിക്കുന്നു. അദ്ദേഹത്തിന് നൽകിയിട്ടുള്ള ദേശീയ പദവി നേരത്തേയും നിരസിക്കപ്പെട്ടതാണെന്നും ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തുന്നതിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിന്നത്. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം നീണ്ടുപോയി. അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാധ്യക്ഷരായ അബിൻ വർക്കി, അഡ്വ. ഒ.ജെ. ജനീഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് എന്നിവരുടെ പേരുകൾ കേട്ടിരുന്നു.സംഘടന തെരഞ്ഞെടുപ്പിൽ രണ്ടാമത് ഏറ്റവും കൂടുതൽ വോട്ട് നേടിയ അബിൻ വർക്കിയെ പ്രസിഡന്റാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ താൽപര്യം. രമേശ് ചെന്നിത്തലയുടെ പിന്തുണയും അബിനുണ്ടായിരുന്നു. എന്നാൽ, ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ട കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പ്രസിഡന്റാക്കാനാണ് എ ഗ്രൂപ്പ് താൽപര്യപ്പെട്ടത്. ഒപ്പം അബിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്ന സമവായ ഫോർമുലയും എ ഗ്രൂപ്പ് മുന്നോട്ടുവെച്ചു. ഇതിനെല്ലാം പുറമേ ഒ.ജെ. ജനീഷിന്‍റെയും ബിനു ചുള്ളിയിലിന്റെയും ജെ.എസ്. അഖിലിന്റെയും പേരുകൾ ഉയർന്നു കേട്ടിരുന്നു.അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ഗ്രൂപ്പ് അവകാശവാദങ്ങളെ തുടർന്ന് സമവായത്തിലെത്താനാകാത്തതും സംസ്ഥാന കമ്മിറ്റിയിലെ കടുത്ത ഭിന്നതയുമാണ് പ്രതിസന്ധിക്ക് കാരണമായത്.