കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. തുടർച്ചയായി വാട്ടർ പൈപ്പുകൾ ഉൾപ്പടെയുള്ള സാമഗ്രികൾ മോഷണം നടത്തിയ കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവാൽ പുത്തൻവീട്ടിൽ ഷാജൻ എന്ന ഷാജിയാണ് ഇന്ന് വീണ്ടും മോഷണത്തിന് എത്തിയപ്പോള്‍ പിടിയിലായത്.കോടതി സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ശുചിമുറിയിൽ കയറി വാട്ടര്‍ ടാപ്പ് അഴിച്ചുകൊണ്ടിരിക്കെയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ രണ്ട് ആഴ്ചയായി കോടതി സമുച്ചയത്തിലെ ശുചിമുറികളിൽ നിന്ന് പൈപ്പുകളും മറ്റു സാമഗ്രികളും മോഷണം പോവാറുണ്ടായിരുന്നു. പ്രധാനമായും ചൊവ്വാഴ്ചകളിലായിരുന്നു മോഷണം നടത്തിയിരുന്നത്. പൈപ്പുകൾ പൂർണമായും അടച്ച് വെള്ളം വരാത്ത രീതിയിൽ ആക്കിയതിനു ശേഷമാണ് മോഷണം നടത്തിയിരുന്നത്. ഇതിനാല്‍ പല ശുചിമുറികളിലും വെള്ളം വരാത്ത അവസ്ഥയായി.
വേറെയും കേസുകളിൽ പ്രതിയായ ഇയാൾ ആറു മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. ഈ മാസം പകുതിയോടെ കോടതി കെട്ടിടത്തിന്റെ ആറു നിലകളിലെ ശുചിമുറികളിലെ സ്റ്റീൽ വാട്ടർ ടാപ്പുകള്‍ മോഷണം പോയിരുന്നു. 10,000 രൂപയോളം വിലമതിക്കുന്നതായിരുന്നു ടാപ്പുകൾ. കോടതിയുടെ താഴത്തെ നിലയ്ക്കു പുറമേ 1, 4, 5, 6 നിലകളിലെ ശുചിമുറികളിലെ ടാപ്പുകളാണ് മോഷ്ടിച്ചത്. പൈപ്പിന്റെ വാൽവ് അടച്ച ശേഷം ഉച്ചയോടെയായിരുന്നു മോഷണം. ശുചിമുറിയിൽ വെള്ളം ഇല്ലാതെ വന്നതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ടാപ്പ് മോഷണം പോയതറിഞ്ഞത്.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ ചേംബർ പ്രവർത്തിക്കുന്ന നിലയിലെ ശുചിമുറി ഒഴിവാക്കിയായിരുന്നു മോഷണം. പെട്ടെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാകാം ഇതെന്നാണു പൊലീസ് കരുതുന്നത്.തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ജീവനക്കാർ പൊലീസിൽ പരാതിപ്പെട്ടു. കോടതിയിൽ കയറി മോഷണം നടത്തിയ കള്ളനെ പൂട്ടാനിറങ്ങിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിൽ നിന്നാണ് ഷാജിയിലേക്ക് സംശയം എത്തുന്നത്.
തുടർന്ന് ഇയാൾ കോടതിയിലെത്തിയാൽ നിരീക്ഷിക്കാൻ മഫ്തിയിൽ പൊലീസിനെ നിയോഗിച്ചു. സാധാരണ ചൊവ്വാഴ്ച ദിവസങ്ങളിലാണ് ഇയാൾ കോടതി കെട്ടിടത്തിൽ എത്തിയിരുന്നതെന്ന് പൊലീസിന് മനസിലായി. എന്നാൽ ഇന്നലെ ഇയാൾ എത്തിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള ദിവസം പ്രഖ്യാപിക്കൽ ആയിരുന്നതിനാൽ കോടതി പരിസരം മാധ്യമങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ ഇന്നലെ എത്താതിരുന്നത് എന്നാണ് കരുതുന്നത്. പൊലീസ് നിരീക്ഷണം തുടരുന്നതിനിടെ ഇന്നു രാവിലെ ഷാജി വീണ്ടും എത്തി. വൈകാതെ പിടിയിലാവുകയും ചെയ്തു.ശുചിമുറിയിലെ പൈപ്പ് മോഷ്ടിച്ച് അരയിൽ തിരുകിയാണ് ഇയാൾ രക്ഷപ്പെടുന്നത്. ഇങ്ങനെ ഇന്നും ശ്രമിച്ചെങ്കിലും മഫ്തിയിലുണ്ടായിരുന്ന പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
ഈ മാസം പല തവണ ഇയാള്‍ ഇവിടെ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ 3 മൊബൈൽ മോഷണ കേസുകളുണ്ട്.