മലപ്പുറം പൊന്നാനി ഹോമിയോ ഡിസ്‌പെന്‍സറിക്ക് സ്വന്തമായി കെട്ടിടവുമില്ല. ഒരാഴ്ച്ചയായി ഡോക്ടറുമില്ല. നിലവില്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത് ഇടുങ്ങിയ വാടക കെട്ടിടത്തിലാണ്. ഡിസ്‌പെന്‍സറിയുടെ ദുരവസ്ഥയ്ക്ക് ഉടന്‍ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേരില്‍ എ ഗ്രേഡ് നഗരസഭയാണെങ്കിലും സ്വന്തമായിഹോമിയോഡിസ്‌പെന്‍സറി കെട്ടിടം പോലുമില്ലാത്ത ഗതികേടിലാണ് പൊന്നാനി നഗരസഭ. കാലങ്ങളായി ഇടുങ്ങിയ വാടക കെട്ടിടത്തിലാണ് ഹോമിയോഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ രോഗികള്‍ കോണിപ്പടികള്‍ കയറി വേണം ഡിസ്‌പെന്‍സറിയിലെത്താന്‍. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഡോക്ടര്‍ അവധിയിലാണ്. ഇതോടെ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റി.
പുതിയ കെട്ടിടം നിര്‍മ്മിക്കാനായി പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു ഫലവുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിസ്‌പെന്‍സറിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും സ്വന്തമായി കെട്ടിടവും വേണമെന്നാണ് ആവശ്യം.