പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്നതായി കുടുംബം ആരോപിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ മുറിച്ചുമാറ്റാൻ കാരണമെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ.
ഒളവറ സ്വദേശി വിനോദിനിയുടെ കൈയാണ് പരിക്കേറ്റതിനെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് വിനോദിനിയുടെ കൈക്ക് പരിക്കേറ്റത്. തുടർന്ന് കുട്ടിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് മാതാവ് പ്രസീതയുടെ പ്രധാന ആരോപണം.
സെപ്റ്റംബർ 25-ന് കുട്ടിയുടെ കൈക്ക് വീണ്ടും വേദന അനുഭവപ്പെടുകയും കൈയിലെ നിറം മങ്ങാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആശുപത്രി അധികൃതർ തിരിച്ചയച്ചതായും കുടുംബം പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കൈ അഴുകിയ നിലയിലായിരുന്നു. ഇതോടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.