കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിൽ ആദ്യം പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കയർത്തും അധ്യക്ഷനുമായി ഉന്തും തള്ളുമായി ഷാഫി പറമ്പിൽ. പ്രതിഷേധിച്ച് വേദിയിൽ നിന്നിറങ്ങിപ്പോകാൻ ശ്രമിച്ച ഷാഫിയെ നേതാക്കൾ ഇടപെട്ട് പിടിച്ചുനിർത്തിയതായാണ് റിപ്പോർട്ട്. സതീശനുശേഷം വിളിച്ചപ്പോൾ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.ജാഥ കുറ്റ്യാടിയിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.
അധ്യക്ഷനായിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശൻ എത്തിയതോടെ അദ്ദേഹത്തെ പ്രസംഗിക്കാനായി വിളിച്ചു. സംസാരിക്കാൻ തയ്യാറായി മൈക്കിനടുത്തേയ്ക്ക് എത്തിയ ഷാഫി ഇതോടെ രോഷാകുലനായി. താനായിരുന്നില്ലേ സംസാരിക്കേണ്ടിയിരുന്നത് എന്നുപറഞ്ഞ് അധ്യക്ഷനുമായി ഉന്തും തള്ളുമായി. പാറയ്ക്കൽ അബ്ദുള്ളയും ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറുമടക്കമുള്ള നേതാക്കൾ പിന്തിരിപ്പിക്കൻ ശ്രമിച്ചെങ്കിലും ഷാഫി വേദിയിൽ നിന്നിറങ്ങി പോകാൻ ശ്രമിച്ചു. നേതാക്കൾ ഇടപെട്ട് അനുയിപ്പിച്ചാണ് സതീശന്റെ പ്രസംഗം കഴിയും വരെ ഷാഫിയെ വേദിയിൽ പിടിച്ചുനിർത്തിയത്.അധ്യക്ഷനുമായുള്ള ഷാഫിയുടെ പിടിത്തം വിടുവിച്ച് മൈക്കിനരികിലെത്തിയ പ്രമോദ് കക്കട്ടിൽ ഷാഫിയെ ക്ഷണിച്ചു. താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങിയ ഷാഫി ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചു.