തിരുവനന്തപുരം വർക്കലയിലെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. വർക്കല നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. പഴകിയ ഭക്ഷണം പ്രദർശിപ്പിച്ചതിനും സൂക്ഷിച്ചതിനും ആകെ 90,000 രൂപ പിഴ ചുമത്തി. ഇതിൽ 30,000 രൂപ സംഭവസ്ഥലത്ത് വെച്ച് തന്നെ ഈടാക്കി.
പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ച ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. പിടികൂടിയ പഴകിയ ഭക്ഷണം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
വരും ദിവസങ്ങളിലും വർക്കലയിലെ ഹോട്ടലുകളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.