മലപ്പുറം മഞ്ചേരിയിലെ ചാരങ്കാവിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് യുവാവിനെ കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചാരങ്കാവ് അങ്ങാടിയിൽ വെച്ചാണ് സംഭവം നടന്നത്. ചാരങ്കാവ് സ്വദേശി മൊയ്തുൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യാതൊരു പ്രകോപനവുമില്ലാതെ മൊയ്തുൻകുട്ടി പ്രവീണിനെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്. പ്രവീണിന്റെ കഴുത്തിലാണ് വെട്ടേറ്റത്. രക്തം വാർന്ന് പ്രവീൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല.
മൊയ്തുൻകുട്ടി ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറയുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും തർക്കങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.