ദേശീയ പാത 85-ൽ ഇടുക്കി അടിമാലി ലക്ഷംവീട് ഭാഗത്ത് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടുണ്ടായ മണ്ണൊഴുക്കിനെ തുടർന്ന് ദേശീയ പാത 85-ൽ ഗതാഗതം തടസ്സപ്പെട്ടു. ലക്ഷംവീട് ഭാഗത്ത് ആദ്യമുണ്ടായ മണ്ണൊഴുക്ക് നീക്കം ചെയ്തുകൊണ്ടിരിക്കെയാണ് ശനിയാഴ്ച രാത്രിയിൽ വീണ്ടും വലിയ മണ്ണൊഴുക്കുണ്ടായത്. ഇതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. നിലവിൽ ടൗൺ ഭാഗത്തെ ഇടവഴികളിലൂടെയാണ് ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുള്ളത്. ഇതുവഴിയുള്ള ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് ചെറുറോഡുകളിലൂടെ കടന്നുപോകുന്നത്. ഈ ഇടവഴികൾ ഇടുങ്ങിയതും വളവുകൾ നിറഞ്ഞതുമായതിനാൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.
മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം യന്ത്രസാമഗ്രികൾ എത്തിച്ചെങ്കിലും, പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് തുടർ ജോലികൾ ആരംഭിച്ചിട്ടില്ല. ദുരിതബാധിതരുടെ കാര്യത്തിൽ പരിഹാരം കാണാതെ മണ്ണ് നീക്കാൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. എത്രയും പെട്ടെന്ന് മണ്ണ് നീക്കി ദേശീയ പാത തുറക്കണമെന്നും ദുരിതബാധിതർക്ക് ആവശ്യമായ പരിഹാരങ്ങൾ കാണണമെന്നും ആവശ്യമുയരുന്നുണ്ട്.ചെറിയ അപകടങ്ങൾ ഇതിനോടകം പലതവണ ഇടവഴികളിൽ സംഭവിച്ചുകഴിഞ്ഞു. നിരന്തരം വലിയ വാഹനങ്ങൾ ഓടുന്നതിനാൽ ഇടവഴികൾ വേഗത്തിൽ തകരാനും ഇത് കാരണമാകും. ഈ സാഹചര്യം തുടരുകയാണെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.