കൊച്ചി അറബിക്കടലിലെ കപ്പല്‍ അപകടത്തില്‍ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍. ലൈബീരിയന്‍ കപ്പല്‍ കമ്പനിയായ എംഎസ് സി എല്‍സ മൂന്നിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന നിലപാടിലാണ് കേരളം. മുഖ്യമന്ത്രിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കമ്പനി വിഴിഞ്ഞം തുറമുഖവുമായി അടുപ്പമുള്ളവരാണെന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാമെന്നുമാണ് തീരുമാനമെന്നും ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. ആഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധര്‍ കപ്പലില്‍ പരിശോധന നടത്തും. കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളും അതിലെ വസ്തുക്കളും പുറത്തെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. മെയ് 25നാണ് ചരക്കുകപ്പല്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ തീരത്ത് പലയിടങ്ങളിലായി അടിഞ്ഞിരുന്നു.