Share this Article
News Malayalam 24x7
കോഴിക്കോട് ജില്ലയിൽ കനത്ത മഴ, രണ്ട് മരണം; റോഡരികിലെ ഓടയില്‍ കാല്‍വഴുതിവീണ് 46കാരന് ദാരുണാന്ത്യം; 11 വീടുകൾ ഭാഗികമായി തകർന്നു
വെബ് ടീം
posted on 17-06-2025
1 min read
shameer

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍ മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി ഷംസീർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന ഷമീര്‍ ഓടയിലേക്ക് വഴുതിവീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടുചേര്‍ന്നുള്ള ഓടയില്‍ വീണാണ് അപകടമുണ്ടായത്. മഴയായതുകൊണ്ടുതന്നെ ഓട നിറഞ്ഞ് ഒഴുകുകയായിരുന്നു. വൈകുന്നേരം ടൗണിലെത്തിയ ഷമീര്‍ ഓടയുടെ വശത്തായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.വെള്ളത്തിലേക്ക് വീണ ഷമീര്‍ ഒഴുക്കില്‍ പെട്ടെന്നുതന്നെ ഓടയുടെ മൂടിയുള്ള ഭാഗത്തേക്ക് നീങ്ങിപ്പോകുകയും അതിനുള്ളില്‍ പെട്ടുപോവുകയുമായിരുന്നു. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഷമീറിന് അപസ്മാരം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

അതേ സമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കല്ലൂട്ടിവയൽ ഷംസീർ (46 ),അന്നശ്ശേരി കുളങ്ങരത്തുതാഴം നക്ഷത്ര (രണ്ടര വയസ്സ്) എന്നിവരാണ് മരിച്ചത്. വടകര താലൂക്കിൽ 11 വീടുകൾ ഭാഗികമായി തകർന്നു.കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.രണ്ട് കുടുംബങ്ങളിൽ നിന്നായി 11 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. മരം കടപുഴകി വീണ് താമരശ്ശേരി മുക്കം റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. വെഴുപ്പൂർ സ്കൂളിന് മുൻവശത്താണ് കൂറ്റൻ മരം കടപുഴകി വീണത്. രാത്രി 8:45 ഓടെയാണ് അപകടം. ആളപായമില്ല. 

അതേസമയം സംസ്ഥാനത്ത് വരുന്ന 19 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories