പത്തനംതിട്ടയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് ക്രൂരമർദ്ദനംപത്തനംതിട്ട ചരൽക്കുന്ന് സ്വദേശികളായ ജയേഷും ഭാര്യ രശ്മിയുമാണ് അറസ്റ്റിലായത്. ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം യുവാക്കളെ കെട്ടിത്തൂക്കി മർദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിക്കുകയും ചെയ്തതായാണ് പരാതി. ഈ ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്ന് പൊലീസ് അറിയിച്ചു.
റാന്നി സ്വദേശിയായ ഒരു യുവാവും ആലപ്പുഴ സ്വദേശിയായ മറ്റൊരു യുവാവുമാണ് ഹണി ട്രാപ്പിൽ കുടുങ്ങിയത്. റാന്നി സ്വദേശിയായ യുവാവിന് രശ്മിയുമായി സൗഹൃദമുണ്ടായിരുന്നു. തുടർന്ന് രശ്മി ഇദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയതിന് ശേഷം ജയേഷ് പേപ്പർ സ്പ്രേ കണ്ണിലടിച്ചെന്നും തുടർന്ന് രശ്മി യുവാവിന്റെ കൈകൾ കെട്ടിയിട്ട ശേഷം ഇരുമ്പ് കമ്പികൊണ്ട് മർദിക്കുകയും മുട്ടുസൂചികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ജനനേന്ദ്രിയത്തിൽ 23-ഓളം സ്റ്റാപ്ലർ പിന്നുകൾ അടിക്കുകയും ചെയ്തു. മർദ്ദനത്തിനിടെ രശ്മി ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തി മറ്റൊരാൾക്ക് അയച്ചുകൊടുത്തതായും മൊഴി നൽകിയിട്ടുണ്ട്.
വീട്ടിലുള്ളവരോട് വിവരം പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും പറഞ്ഞാൽ അപകടപ്പെടുത്തുമെന്നും ദമ്പതികൾ യുവാവിനെ അറിയിച്ചു. പിന്നീട് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്ന് ഐഫോണും റാന്നി സ്വദേശിയുടെ പക്കൽ നിന്ന് 19,000 രൂപയും ദമ്പതികൾ തട്ടിയെടുത്തു.
അഭിചാരക്രിയയുടെ ഭാഗമായാണോ ഈ മർദ്ദനം എന്നും അല്ലെങ്കിൽ മനോനില തെറ്റിയവരാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവരെ വൈദ്യപരിശോധനക്ക് കൊണ്ടുപോയെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.