കാസർഗോഡ്: സിപിഐ നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. 1991 - 2001 കാലയളവിൽ രണ്ട് തവണ ഹോസ്ദുർഗ് മണ്ഡലം എംഎൽഎ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖം അടക്കം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.തപാൽ വകുപ്പ് ജീവനക്കാരനായിരിക്കെ ജോലി രാജി വെച്ചാണ് എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചത്. 2014 മുതൽ 2019 വരെ ബേഡകം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബി കെ എം യു ജില്ലാ പ്രസിഡൻ്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.