സുഹൃത്തായ യുവതിയെ വീട്ടിൽ കയറി തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാട്ടൂർ സ്വദേശി ജിജേഷ് ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുറ്റ്യാട്ടൂർ സ്വദേശിനിയായ പ്രവീണയെയാണ് ജിജേഷ് വീട്ടിൽ കയറി ആക്രമിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ജിജേഷ്, കയ്യിൽ കരുതിയിരുന്ന ഇന്ധനം പ്രവീണയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനുശേഷം ജിജേഷ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
ഗുരുതരമായി പൊള്ളലേറ്റ പ്രവീണ വ്യാഴാഴ്ച ചികിത്സയിലിരിക്കെ മരണപ്പെട്ടു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ജിജേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ ജിജേഷിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രവീണയുടെ മരണത്തോടെ ഇത് കൊലക്കുറ്റമായി മാറ്റി. ഇപ്പോൾ ജിജേഷും മരണപ്പെട്ടതോടെ കേസിൻ്റെ തുടർനടപടികൾ പോലീസ് തീരുമാനിക്കും. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.