പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു വൻ നാശനഷ്ടം. പള്ളാത്തുരുത്തി ഭാഗത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഹൗസ് ബോട്ടുകളാണ് ഇന്ന് രാവിലെ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്. ഒരു ബോട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് ഒരു ബോട്ടിൽ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ യാത്രക്കാർ കായലിലേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഒരു ബോട്ടിൽ നിന്ന് തീ തൊട്ടടുത്തുള്ള ബോട്ടിലേക്ക് അതിവേഗം പടരുകയായിരുന്നു.തീപിടുത്തത്തിൽ ബോട്ടുകൾ പൂർണ്ണമായും കത്തിയമരുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ആലപ്പുഴയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് അഗ്നിശമന സേനയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തെ വെല്ലുവിളിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ബോട്ട് ഉടമകൾക്ക് സംഭവിച്ചിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.