പശുക്കടവിൽ ഇലക്ട്രിക് കെണിയിൽപ്പെട്ട് വീട്ടമ്മ മരിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ അറക്കപ്പറമ്പിൽ നിവിൻ വർഗീസ്, ജിൽസ് ഔസേപ്പ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നിയെ പിടിക്കാൻ സ്ഥാപിച്ച ഇലക്ട്രിക് കെണിയിലാണ് വീട്ടമ്മയായ ബോബി ഷോക്കേറ്റ് മരിച്ചത്. ദിലീപാണ് കെണി വെച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ദിലീപിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് നിവിനും ജിൽസിനും സംഭവത്തിലുള്ള പങ്ക് വ്യക്തമായത്. ഇലക്ട്രിക് കെണി സ്ഥാപിക്കാൻ ദിലീപിന് സഹായം നൽകിയത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി. ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് മരുതോങ്കര പഞ്ചായത്തിൽ സിപിഎം, കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടർന്ന് ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.