കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച വിദ്യാർത്ഥി സംഘത്തിനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. എട്ട് വിദ്യാർത്ഥികൾക്കെതിരെയാണ് റെയിൽവേ ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് സമീപത്തായിരുന്നു സംഭവം.
യൂണിഫോം ധരിച്ച ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം ട്രാക്കിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് വിദ്യാർത്ഥികൾ ചിത്രീകരണം തുടർന്നു. ഇവർ ട്രാക്കിൽ നിന്ന് മാറിയതിന് തൊട്ടുപിന്നാലെ ട്രെയിൻ കടന്നുപോയത് വലിയ അപകടം ഒഴിവാക്കി. സംഭവം വൈകിയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് ഇവരെന്നാണ് സൂചന.