മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികള്‍ ഗണഗീതം പാടിയത്. കുട്ടികള്‍ പാടാന്‍ തീരുമാനിച്ച ഗാനങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രാഥമിക വിശദീകരണം.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കാറുണ്ട്. അതുപോലെ അന്നേ ദിവസം അബദ്ധത്തില്‍ ഗണഗീതം പാടിയതാണെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സാധാരണയായി ആര്‍എസ്എസിന്റെ ശാഖകളില്‍ പാടാറുള്ളതാണ് ഈ ഗാനം. ഏതെങ്കിലും പ്രത്യേക സംഘടനകളുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള പാട്ടുകള്‍ സാധാരണയായി സ്‌കൂളുകളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ ആലപിക്കാറില്ല.
വിദ്യാര്‍ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികള്‍ നടത്തിയിരുന്നത്. അത്തരത്തില്‍ ഒരു ഗ്രൂപ്പിലെ കുട്ടികളാണ് ഗണഗീതം ആലപിച്ചത്. കുട്ടികള്‍ക്ക് എവിടെ നിന്നാണ് ഈ പാട്ട് ലഭിച്ചതെന്നോ, എങ്ങനെയാണ് കുട്ടികള്‍ ഈ പാട്ട് തിരഞ്ഞെടുത്തതെന്നോ അറിയില്ല. കുട്ടികള്‍ ഗണഗീതം പാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.