കൊച്ചി: പ്രതീക്ഷയുടെ നിമിഷങ്ങളുമായി സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. അതിനായി വാഹനാപകടത്തില്‍ മരിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്.നാലുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാകും. എയര്‍ ആംബുലന്‍സിലാണ് ഹൃദയം തിരുവനന്തപുരത്തുനിന്ന് എത്തിച്ചത്.എയർ ആംബുലൻസ് ഹയാത്ത് ഹെലിപ്പാഡിൽ എത്തിച്ച്, അവിടെനിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രണ്ട് വൃക്കകള്‍, കരള്‍, രണ്ട് കോര്‍ണിയ എന്നിവയും ദാനം ചെയ്യുന്നുണ്ട്.
അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നൽകുക.
കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് റോഡ് കുറുകെ കടക്കുന്ന സമയത്താണ് വാഹനമിടിച്ച് പരുക്കേൽക്കുന്നത്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയവും ഒരു വൃക്ക ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലുളള രോഗിക്കും നൽകും.