 
                                 
                        കാസർഗോഡ്, പിലിക്കോട് ശ്രീ രായമംഗലം ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് ഭക്തർ നാലമ്പലത്തിൽ പ്രവേശിച്ചതിൽ പ്രതികരണവുമായി ക്ഷേത്രം ഭരണസമിതി. ജാതി വിവേചനം ഇല്ലെന്ന് ക്ഷേതസമിതി. ക്ഷേത്രത്തെ അപമാനിക്കാനാണ് വിലക്ക് ലംഘിച്ചതന്നും കുറ്റപ്പെടുത്തി. അതേസമയം ആചാരത്തിന്റെ ഭാഗമായല്ലാതെ സ്ത്രീകളും കുട്ടികളും അകത്ത് നിന്ന് തൊഴുന്ന വീഡിയോ പുറത്ത്.
ഞായറാഴ്ച പുലർച്ചയാണ് പിലിക്കോട് നിനവ് പുരുഷ സ്വയം സഹായ സംഘം വിലക്ക് ലംഘിച്ച് നാലമ്പല ദർശനം നടത്തിയത്. ജാതീയമായ വിവേചനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. മുൻപ് പല ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ചിലരുടെ എതിർപ്പിനാൽ സാധ്യമായിരുന്നില്ല. ആചാര അനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന ചിന്തയിൽ നിന്നാണ് വിലക്ക് ലംഘിച്ച് ഭക്തർ അകത്തു പ്രവേശിച്ചത്.
അതേസമയം ക്ഷേത്രത്തിലെ ആചാരം ലംഘിച്ച് എന്ന് ആരോപിച്ച ക്ഷേത്രം ഭരണസമിതി ചന്തേര പോലീസിൽ പരാതി നൽകി.ക്ഷേത്രത്തിൽ ജാതി വിവേചനം ഇല്ലെന്നും,പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങൾക്കും അടിസ്ഥാനമായാണ് തന്ത്രി പ്രവർത്തിച്ചതെന്നും ഭരണസമിതി വ്യക്തമാക്കി.ക്ഷേത്രത്തെ കളങ്കപ്പെടുത്താനും, അപമാനിക്കുമാണ് വിലക്ക് ലംഘിച്ച് ഒരു കൂട്ടം ആളുകൾ അകത്ത്  പ്രവേശിച്ചതെന്നും,ക്ഷേത്ര സമിതി കുറ്റപ്പെടുത്തി.
അതേസമയം ക്ഷേത്രം ഭരണസമിതിയുടെ വാദം ഒരുപറ്റം ഭക്തർ തള്ളി.നാലമ്പലത്തിനകത്ത് ഒരു ജാതിയിൽ പെട്ടവർക്കും പ്രവേശനം ഇല്ല എന്ന വാദം തെറ്റാണെന്നും, ആചാരത്തിന്റെ ഭാഗമായല്ലാതെ സ്ത്രീകളും കുട്ടികളും അകത്ത് നിന്ന് തൊഴുന്ന വീഡിയോയും പുറത്ത് വിട്ടു. പ്രശ്നം പരിഹരിക്കുന്നതിനായി ക്ഷേത്രം ഭാരവാഹികളുടെയും ഉപക്ഷേത്ര പ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേരും. അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    