കരിന്തളത്ത് 80 വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം സ്വദേശി സി. ലക്ഷ്മിക്കുട്ടിയമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗവൺമെന്റ് കോളേജിന് സമീപം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ലക്ഷ്മിക്കുട്ടിയമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ ലൈറ്റ് തെളിയാത്തതിനെ തുടർന്ന് സംശയം തോന്നിയ മകളുടെ ഭർത്താവും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ മുൻവാതിലും ഗേറ്റും പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കൂടാതെ വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെ ശരീരത്തിൽ മുറിവുകൾ ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
നേരത്തെ നാലുമാസം മുൻപ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട സ്വർണം പിന്നീട് കണ്ടെത്തുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും കയ്യിൽ പണമുണ്ടാകുമെന്നും അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.