Share this Article
Union Budget
പേ വിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു; ഒരാഴ്ച മുൻപ് ബന്ധുവിന്‍റെ വീട്ടിൽ വെച്ച് വളർത്തു നായയുടെ പോറലേറ്റു
വെബ് ടീം
posted on 09-05-2025
1 min read
rabbies

കരുമാടി: ആലപ്പുഴയിൽ പേ വിഷ ബാധയേറ്റ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ബന്ധു വീട്ടിൽ വച്ച് സൂരജിന് വളർത്തു നായയുടെ പോറലേറ്റത്. രണ്ട് ദിവസം മുൻപാണ് കടുത്ത പനിയെ തുടർന്ന് സൂരജിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെയാണ് സൂരജിൻ്റെ മരണം സംഭവിക്കുന്നത്.

ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ചികിത്സ തേടിയത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്കുകള്‍ 3.16 ലക്ഷം ആയിരുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകളില്‍ 1470 പേര്‍ക്ക് പട്ടികടിയേല്‍ക്കുന്നുവെന്നാണ് കണക്കുകള്‍.

നായ, പൂച്ച, എലി, അണ്ണാന്‍ ഇവയുടെ കടിയോ മാന്തലോ ഏറ്റാൽ ചെയ്യേണ്ട കാര്യങ്ങള്‍:

കടിയേറ്റയുടന്‍ ചെയ്യുന്ന പ്രഥമ ശുശ്രൂഷ വൈറസ് ബാധ തടയുന്നതില്‍ നിര്‍ണായകമാണ്. കടിയേറ്റ ഭാഗം പൈപ്പ് തുറന്നിട്ട് 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് കഴുകണം. പരമാവധി സോപ്പ് കട്ട ഉപയോഗിച്ച് തന്നെ മുറിവ് കഴുകാന്‍ ശ്രമിക്കണം. മുറിവ് നന്നായി കഴുകുന്നത് വൈറസിനെ പുറത്തുകളയാന്‍ സഹായിക്കും. ശേഷം ബെറ്റാഡിന്‍ പോലുള്ള അണുനാശിനി മുറിവിലേക്ക് ഒഴിക്കണം. ഉപ്പ്, മഞ്ഞള്‍പ്പൊടി, പച്ചിലച്ചാറുകള്‍ തുടങ്ങി ഒന്നും മുറിവില്‍ പുരട്ടരുത്. ഇത്രയും ചെയ്ത ശേഷം ചെറിയ മുറിവാണെങ്കില്‍ പോലും വൈദ്യസഹായം തേടുക.മുറിവ് കെട്ടാനോ ബാന്‍ഡേജിടാനോ പാടില്ല, തുറന്നുതന്നെ ആശുപത്രിയിലെത്തിക്കാം. ആശുപത്രിയിലെത്തിച്ച ഉടന്‍ ആന്റി റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പ് എടുക്കണം. ആദ്യ രണ്ടാഴ്ചയിലെ സംരക്ഷണത്തിന് ഇമ്മ്യൂണോഗ്ലോബുലിന്‍ ഓരോ മുറിവിലും കുത്തിവെയ്ക്കണം. അവസാനഘട്ടമാണ് വാക്‌സിനേഷന്‍, രണ്ടാഴ്ചയ്ക്ക് ശേഷമെ വാക്‌സിന്‍ പ്രതിരോധം നല്‍കൂ. കൃത്യമായ ഇടവേളകളില്‍ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കണം. നായ, പൂച്ച, എലി, അണ്ണാന്‍ തുടങ്ങി ഏത് മൃഗവും മാന്തിയാലും നക്കിയാലും കടിച്ചതായി പരിഗണിക്കണം. ഇതുവരെ പറഞ്ഞ എല്ലാ മുന്‍കരുതല്‍ നടപടികളും ഇക്കാര്യത്തിലും എടുക്കണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories