Share this Article
Union Budget
ഭരണി നക്ഷത്രത്തിൽ പൊന്നിൻ കുടം,പട്ടം താലി വഴിപാട്; രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ
വെബ് ടീം
5 hours 59 Minutes Ago
1 min read
amith sha

കണ്ണൂർ:പൊന്നിൻ കുടം സമർപ്പിച്ച് പട്ടം താലി വഴിപാടോടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വൈകിട്ട് അഞ്ചരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം ട്രസ്റ്റിമാർ രാജരാജേശ്വരന്റെ ചിത്രം നൽകി അമിത് ഷായെ സ്വീകരിച്ചു.

പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ചാണ് അദ്ദേഹം പ്രാർഥിച്ചത്. ഭരണി നക്ഷത്രത്തിലാണ് പൊന്നിൻ കുടം സമർപ്പിച്ചത്. പട്ടം താലി വഴിപാടും കഴിച്ചു. ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ എന്നിവരും പൊന്നിൻ കുടം സമർപ്പിച്ചു.

കഴിഞ്ഞ ആഴ്ച അനാഛാദനം ചെയ്ത ശിവന്റെ വെങ്കല ശിൽപവും ക്ഷേത്രത്തിലെ ആനയായ ഗണപതിയേയും വീക്ഷിച്ചു. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ നടയിരുത്തിയതാണ് ഈ ആന. ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

നാല് മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം റോഡ് മാർഗമാണ് തളിപ്പറമ്പിലേക്ക് പോയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  സന്ദർശനം മുൻനിർത്തി കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ക്ഷേത്രത്തിലേക്കുൾപ്പെടെ മറ്റാളുകളെ പ്രവേശിപ്പിച്ചില്ല. റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. രണ്ടാം തവണയാണ് അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories