കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ വിദ്യാർഥികളുടെ പ്രതിഷേധം. സ്കൂൾ ചാമ്പ്യൻ പട്ടത്തിൽ രണ്ടാം സ്ഥാനത്തെ ചൊല്ലിയാണ് പ്രതിഷേധവും പോലീസുമായുള്ള ഉന്തും തള്ളിലും കലാശിച്ചത്.
രണ്ടാം സ്ഥാനം ജിവി രാജയ്ക്ക് നൽകിയതിലാണ് നാവാമുകുന്ദ സ്കൂളും കോതമംഗലം മാർ ബേസിൽ സ്കൂളിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി എത്തിയത്. സാധാരണ സ്പോർട്സ് സ്കൂളുകളെ പരിഗണിക്കാറില്ല എന്തുകൊണ്ട് ജിവിരാജയ്ക്ക് രണ്ടാം സ്ഥാനം നൽകിയെന്ന് ചോദിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.പോലീസ് മർദിക്കാൻ ശ്രമിച്ചെന്ന് ചില വിദ്യാർഥികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ, ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാംസ്ഥാനം.
വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ, എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പോലീസ് മർദ്ദിച്ചതായും ആരോപണം ഉയരുന്നു.