പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ കാറിൽ നിന്നിറക്കി എടുത്തുകൊണ്ടു പോയി ഉദ്‌ഘാടനം നിർവഹിപ്പിച്ചു.
വിവാദങ്ങള്‍ക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളിൽ വലിയ പബ്ലിസിറ്റി ഇല്ലാതെ പങ്കെടുത്തുകൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തില്‍ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുത്തത്. ഇതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയിൽ റോഡ് നവീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് നേരത്തെ അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎൽഎക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്. രാഹുലിനെ എടുത്തുയര്‍ത്തിയാണ് റോഡ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നാട മുറിച്ചശേഷം രാഹുലിനെ എടുത്തുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പൊതുപരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോയത്.