മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളായ എയര്‍ഇന്ത്യ, ഇന്‍ഡിഗോ, സ്പേസ്ജെറ്റ് തുടങ്ങിയവയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങളും തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കി. ആകെ 37 വിമാനങ്ങളാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റദ്ദാക്കിയത്. അതേസമയം സൗദി എയര്‍ലൈന്‍സിന്റെ റിയാദ് വിമാനം കോഴിക്കോട് എത്തി. ഗള്‍ഫ് മേഖലയില്‍ പ്രശ്‌നം തുടങ്ങിയ ശേഷം ആദ്യം എത്തുന്ന വിമാനമാണിത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും സാഹചര്യം സാധാരണ നിലയിലാകുന്നതനുസരിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.