വയനാട്ടിൽ വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന ആക്രമണം. പനമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ നീർവാരം സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നീർവാരം സ്വദേശി സത്യജ്യോതിക്കാണ് പരിക്കേറ്റത്.
മൈസൂരിലേക്ക് പരീക്ഷ എഴുതാനായി പോകുന്നതിനിടെയാണ് സത്യജ്യോതിക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ സത്യജ്യോതിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അവിടെ ചികിത്സയിൽ തുടരുകയാണ്.
സംസ്ഥാനത്ത്, പ്രത്യേകിച്ച് വയനാട് മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് തുടരുകയാണ്.