ആലപ്പുഴ ചേർത്തലയിൽ നിന്നും വർഷങ്ങളുടെ ഇടവേളകളിൽ കാണാതായ മൂന്ന് സ്ത്രീകളുടെ കേസുകളിൽ നിർണ്ണായക വഴിത്തിരിവ്. 2012-ൽ കാണാതായ ആയിഷയുടെ തിരോധാനക്കേസ് അന്വേഷിക്കാൻ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചേർത്തല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ പങ്ക് വ്യക്തമായതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്.
2002-ലാണ് ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ ഇടപ്പള്ളിയിൽ നിന്നും കാണാതാകുന്നത്. ബിന്ദുവിന്റെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളാണ് സെബാസ്റ്റ്യനിലേക്ക് അന്വേഷണം എത്തിച്ചത്. തുടർന്ന് 2012-ൽ ആയിഷയെയും 2024-ൽ ജൈനമ്മയെയും കാണാതാവുകയായിരുന്നു. മൂന്ന് കേസുകളിലും സെബാസ്റ്റ്യന് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കത്തിക്കരിഞ്ഞ നിലയിലുള്ള അസ്ഥിക്കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജൈനമ്മയുടെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചത്. ബിന്ദു പത്മനാഭനും കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബിന്ദുവിന്റെ സ്വത്തുക്കൾ വ്യാജരേഖകളുണ്ടാക്കി സെബാസ്റ്റ്യൻ സ്വന്തമാക്കിയതായും കണ്ടെത്തി. ഇതിന് മറ്റ് രണ്ട് സ്ത്രീകളുടെ സഹായം ലഭിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നിലവിൽ ആയിഷയുടെ കേസ് മാത്രമാണ് തിരോധാനമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് ആയിഷയുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത നീക്കുന്നതിനായി പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. പ്രതിയായ സെബാസ്റ്റ്യൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെയും മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിലൂടെയും ആയിഷയ്ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ സ്വത്തും പണവും കൈക്കലാക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. മൂന്ന് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലെ ചുരുളഴിയുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.