ബംഗളുരു: പ്രമുഖ മലയാളി വ്യവസായിയും ബിൽഡറും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. ആദായനികുതി വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.
തൃശൂർ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. സിനിമാ നിര്‍മാണ മേഖലയിലും സജീവമായിരുന്നു.കാസനോവ, മരയ്ക്കാർ, മേം ഹൂം മൂസ, ആദി എന്നീ സിനിമകൾ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഭാര്യ ലിനി റോയ്. മക്കൾ: രോഹിത്, റിയ.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)