Share this Article
News Malayalam 24x7
ശബരിമലയിൽ കുടിവെള്ളം കിട്ടാനില്ല, തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ വലയുന്നു; ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു: കെ സുരേന്ദ്രൻ
വെബ് ടീം
posted on 18-11-2025
1 min read
k surendran

ശബരിമലയിൽ കുടിവെള്ളം പോലും കിട്ടാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു. സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല . ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. 

നേരത്തെ ശബരിമലയിൽ അപകടകരമായ രീതിയിൽ ഭക്തജന തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞിരുന്നു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന നൽകിയാണ് ജയകുമാർ വാർത്താസമ്മേളനം നടത്തിയത്. അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവർ മടങ്ങിയത്.

അതേ സമയം  സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തിൽ തന്നെ ഒരു ലക്ഷത്തിൽ അധികം തീർഥാടകർ വന്നിരിക്കുകയാണ്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വർ‌ഷം 29,000 പേരാണ് തീർഥാടനത്തിന് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.‘വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതു കൊണ്ട് സ്പോട്ട് ബുക്കിങ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിങ് ക്വാട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂവെന്ന് ജനങ്ങൾ അറിയണം. അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്. ഹോൾ‌ഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്. ശബരിമല ഒരു കാനന പ്രദേശമാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കണം. ഒരു ദിവസത്തേക്ക് വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ മറ്റൊരു ദിവസമാണ് വരുന്നത്. ഡിസംബർ 5ന് ബുക്ക് ചെയ്തിട്ട് ഇന്ന് വരുന്നവരുണ്ട്’’ – എസ്.ശ്രീജിത്ത് പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories