ഗുവാഹത്തി: അസ്സമിലെ ഹോജായിൽ സായിരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (20507) ഇടിച്ച് 7 ആനകൾ ചരിഞ്ഞു. ആനക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തിൽ ട്രെയിനിന്റെ 5 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ശനിയാഴ്ച പുലർച്ചെ 2:17നാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ഗുവാഹത്തിയിൽനിന്ന് 126 കി.മീ അകലെവച്ചായിരുന്നു സംഭവം.
ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. അപകടം നടന്ന ഇടം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലമാണ്. ആനകളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ട്രാക്കിൽ ചിന്നിച്ചിതറി കിടന്നതിനാലും കോച്ചുകൾ പാളം തെറ്റിയതിനാലും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. പാളം തെറ്റിയ കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ ഗുവാഹത്തിയിൽ എത്തിയശേഷം കൂടുതൽ കോച്ചുകൾ ട്രെയിനിൽ ഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. ദുഃഖകരമായ സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അന്വേഷണത്തിന് ഉത്തരവിട്ടു.