ശബരിമലയിലെ സ്ട്രോങ് റൂമിലെ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ ശബരിമലയിലെത്തി പരിശോധന നടത്തും. സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് പരിശോധന നടക്കുക. ദീപസ്തംഭങ്ങൾക്ക് ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ നാളെ പരിശോധിക്കും.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് തയ്യാറാക്കിയ സ്വർണ്ണത്തിന്റെ കണക്കെടുപ്പ് പട്ടിക പ്രകാരമാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. എത്ര സ്വർണ്ണം സന്നിധാനത്തുണ്ട്, അത് എങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത്, അതിന്റെ കാലപ്പഴക്കം, നിലവിലെ അവസ്ഥ എന്നിവയെല്ലാം പരിശോധനയുടെ ഭാഗമാകും.
ദീപസ്തംഭങ്ങൾക്ക് ചുറ്റും സ്വർണ്ണം പൂശിയ പാളികളും ഇതിനുവേണ്ടി ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവും ഗുണനിലവാരവും പരിശോധനയിൽ ഉൾപ്പെടും. 1998-ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശിയതിനെക്കുറിച്ചുള്ള ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും താരതമ്യം ചെയ്ത് എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ എന്നും പരിശോധിക്കും.
ഈ പരിശോധനകൾക്ക് ശേഷം ജസ്റ്റിസ് കെ.ടി. ശങ്കരൻ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. സ്വർണ്ണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നതിനും വിലയിരുത്തുന്നതിനും സ്വർണ്ണത്തിന്റെ മതിപ്പ് വില കണക്കാക്കുന്നതിനും ഗോൾഡ് സ്മിത്തുക്കളെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും മറ്റ് എക്സിക്യൂട്ടീവ് ഓഫീസർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.