ശബരിമല സ്വർണക്കവർച്ചാ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
കേസിലെ നാലാം പ്രതിയാണ് എസ്. ജയശ്രീ. ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019-ൽ ഉത്തരവിറക്കിയത് ജയശ്രീയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വർണം കൈമാറ്റം ചെയ്യപ്പെട്ടതെന്നും ഇതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് ജയശ്രീക്കെതിരെയുള്ള പ്രധാന ആരോപണം.
ജയശ്രീയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ താൽക്കാലികമായി തടഞ്ഞിരുന്നു. ഈ ഉത്തരവ് രണ്ട് തവണ നീട്ടി നൽകുകയുണ്ടായി. വെള്ളിയാഴ്ച വരെ അറസ്റ്റ് പാടില്ലെന്നായിരുന്നു കോടതിയുടെ ഒടുവിലത്തെ നിർദ്ദേശം. ഇന്നത്തെ കോടതി വിധി ജയശ്രീയെ സംബന്ധിച്ചിടത്തോളം അതുകൊണ്ട് തന്നെ ഏറെ നിർണ്ണായകമാണ്.