ഇന്ത്യയടക്കടമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 86 രാജ്യങ്ങള്‍ക്ക് മേലാണ് അമേരിക്ക പകര തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലെത്തിയത്.
ട്രംപിന്റെ ഈ പ്രഖ്യാപനത്തോടെ ഒരു ആഗോള വ്യാപാര യുദ്ധത്തിനാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യയ്ക്ക് 29 ശതമാനം പകര തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വെച്ചത്. ഇതുവഴി അമേരിക്കക്ക് ഒരു ദിവസം 2 ബില്ലയണ്‍ ഡോളര്‍ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് സൂചന.
മരുന്ന്് പോലുള്ള ചില ഉത്പന്നങ്ങളെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഔഷധ ഉത്പന്നങ്ങള്‍ക്കും തീരുവ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത് . തീരൂവ പ്രഖ്യാപനത്തിന് പിന്നാലെ 70 രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്കായി സമീപിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായിട്ടാകും ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ്ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം വരെയും തീരുവ വര്‍ധിക്കും.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം.
ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് മുതല്‍ പ്രാബല്യത്തിലായി.