സംസ്ഥാനത്തെ ആരോഗ്യരംഗത്തെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ആരോഗ്യവകുപ്പ് പരാതി പരിഹാര സെൽ രൂപീകരിച്ചു. ആശുപത്രികൾക്കും മറ്റ് ചികിത്സാ സ്ഥാപനങ്ങൾക്കുമെതിരെ ഡോക്ടർമാർക്കും രോഗികൾക്കും ഈ സെല്ലിൽ പരാതി നൽകാം. ആരോഗ്യരംഗത്ത് സുതാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംവിധാനം.
മുൻ അഡീഷണൽ ലോ സെക്രട്ടറി എൻ. ജീവൻ ആണ് മൂന്നംഗ സമിതിയുടെ ചെയർമാൻ. പാലക്കാട് മുൻ ചീഫ് കൺസൾട്ടന്റും പോലീസ് സർജനുമായ ഡോ. ഗുജ്‌റാൾ പി.ബി., ന്യൂറോളജിസ്റ്റ് ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ആശുപത്രികളിലെയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലെയും സേവനങ്ങളെക്കുറിച്ച് അടുത്ത കാലത്തായി ഉയർന്നുവന്ന നിരവധി പരാതികളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി. മെഡിക്കൽ കോളേജുകളിലെ ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ചികിത്സാ പിഴവുകൾ, ആശുപത്രികളുടെ പ്രവർത്തനത്തിലെ വീഴ്ചകൾ, ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇനി ഈ സെല്ലിന് മുന്നിൽ പരാതിയായി ഉന്നയിക്കാം. നിലവിൽ ഡി.എം.ഒ-യ്ക്കും പോലീസിനുമാണ് ഇത്തരം പരാതികൾ നൽകുന്നത്. പുതിയ സെൽ രൂപീകരിച്ചതോടെ പരാതി പരിഹാര നടപടികൾ കൂടുതൽ കാര്യക്ഷമവും കേന്ദ്രീകൃതവുമാകുമെന്നാണ് പ്രതീക്ഷ.