ഓൺലൈൻ നിക്ഷേപ തട്ടിപ്പ് കേസായ 'സേവ് ബോക്സ്' ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി. കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
തട്ടിപ്പിലൂടെ സമാഹരിച്ച തുകയിൽ ഏകദേശം ഒരു കോടി രൂപ ജയസൂര്യയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിനായി കഴിഞ്ഞ മാസം രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് നടന്ന കാലയളവിൽ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ.
സിനിമയിലെ പ്രമുഖരുമായി ബന്ധമുള്ള സാത്തിക് റഹ്മാൻ ആണ് സേവ് ബോക്സ് ആപ്പിന്റെ ഉടമ. സിനിമാ മേഖലയിൽ ഇയാൾക്ക് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും ഇഡി അന്വേഷണം നടത്തിവരികയാണ്. നടൻ കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിശദാംശങ്ങൾ തേടി മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സാധാരണക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജയസൂര്യക്കെതിരെയുള്ള ഇഡിയുടെ ഇപ്പോഴത്തെ നീക്കം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.