കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11.30-ന് പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കാണ് പ്രതിഷേധ പ്രകടനം.
പ്രതിഷേധ മാർച്ചിൽ 300-ഓളം ഇന്ത്യാ സഖ്യ എംപിമാർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. മാർച്ചിന് മുന്നോടിയായി ഇന്നലെ കോൺഗ്രസ് വിപുലമായ ചർച്ചകളും ഒരുക്കങ്ങളും നടത്തിയിരുന്നു. പാർലമെന്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
മാർച്ചിന്റെ ഭാഗമായി ഡൽഹി പൊലീസ് പാർലമെന്റിനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും ഇടയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നത്തെ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യാ സഖ്യത്തിലെ എല്ലാ എംപിമാർക്കുമായി ഇന്ന് വൈകുന്നേരം അത്താഴവിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. പാർലമെന്റിലും ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചേക്കും.