ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പ്രശസ്തമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ (Cathedral Church of Redemption) സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാവിലെ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലും കുർബാനയിലും അദ്ദേഹം പങ്കെടുത്തു.
പള്ളിയിലെത്തിയ പ്രധാനമന്ത്രി സഭാ പ്രതിനിധികളുമായും ബിഷപ്പുമായും കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിന്റെ സ്മരണയ്ക്കായി ബിഷപ്പ് പ്രധാനമന്ത്രിക്ക് വിശുദ്ധ ബൈബിൾ സമ്മാനിച്ചു. പ്രധാനമന്ത്രിക്കൊപ്പം ബിജെപി നേതാക്കളും പള്ളി സന്ദർശനത്തിൽ പങ്കാളികളായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ ഈ പള്ളി സന്ദർശനം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് കാണുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നൽകുന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
കത്തീഡ്രൽ ചർച്ചിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ വിശ്വാസികളോടൊപ്പം സമയം ചിലവഴിച്ച പ്രധാനമന്ത്രി എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. രാവിലെ എട്ടരയോടെ ആരംഭിച്ച ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.