Share this Article
News Malayalam 24x7
ലഡാക്ക് പ്രക്ഷോഭം; ഇന്ന് പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും
Ladakh Protests

ലഡാക്കിന് പ്രത്യേക പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് പ്രതിഷേധിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ജോധ്പൂരിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഈ മാറ്റമെന്നും അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഡാക്കിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. പ്രതിഷേധക്കാരെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് സോനം വാങ്ചുക്കിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.


സോനം വാങ്ചുക്കിന്റെ സ്റ്റുഡൻ്റ് എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ മൂവ്‌മെൻ്റ് (SECMOL) എന്ന എൻജിഒയുടെ എഫ്‌സിആർഎ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നു. വിദേശത്തുനിന്ന് അമിതമായി പണം കൈപ്പറ്റി, വിദേശ സംഭാവന ചട്ടം ലംഘിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ താൻ സംഭാവനകളല്ല പ്രതിഫലമാണ് കൈപ്പറ്റിയതെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കിയിട്ടുണ്ട്.


അതേസമയം, ലഡാക്കിലെ പ്രതിഷേധ സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തും. ലഡാക്ക് അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ഉൾപ്പെടെയുള്ള ആറ് പ്രതിനിധികളാണ് ഈ ചർച്ചയ്ക്കായി ഡൽഹിയിലെത്തുന്നത്.


ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായതും അത് തീയിടാൻ ശ്രമിച്ചതും അടക്കമുള്ള സംഭവങ്ങളിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ചർച്ച നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories