Share this Article
News Malayalam 24x7
തിരികെ ജീവിതത്തിലേക്ക്, അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ആശുപത്രി വിട്ടു
വെബ് ടീം
6 hours 10 Minutes Ago
1 min read
AAVANI

കൊച്ചി: വിവാഹ ദിനത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയില്‍ വച്ച് വിവാഹിതയായ ആവണി സാധാരണ ജീവിതത്തിലേക്ക്. വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരുന്ന ആവണി ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി.അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിലും സ്വപ്ന മുഹൂർത്തം സ്വന്തമാക്കാൻ ചേർത്തുപിടിച്ച വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിന്‍റെ സ്നേഹതണലിൽ നിന്നാണ് ആരോഗ്യവതിയായി ആവണി വീട്ടിലേക്ക് മടങ്ങിയത്. 

നവംബര്‍ 21 നായിരുന്നു ആവണിയുടെയും ഷാരോണിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് രാവിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ കുമരകത്ത് വച്ചാണ് ആവണിയെ തേടി വാഹനാപകടം എത്തിയത്. തുടര്‍ന്ന് ചികിത്സയുടെ 12-ാം ദിനത്തിലാണ് ആശുപത്രിവിട്ടത്. ആവണിയുടെ മാതാപിതാക്കളായ എം. ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍, ഭര്‍തൃസഹോദരന്‍ റോഷന്‍ എന്നിവരും ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ഭര്‍ത്താവ് ഷാരോണും ആവണിയ്ക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു.എറണാകുളം വി.പി.എസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പൂച്ചെണ്ട് നല്‍കി ആശംസകള്‍ അറിയിച്ചാണ് ആവണിയെ യാത്രയാക്കി.

ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആവണിയുടെ ചികിത്സ ചെലവ് വി.പി.എസ് ലേക്ഷോര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പൂര്‍ണമായും സൗജന്യമാക്കിയിരുന്നു. ജീവിതത്തിലേക്ക് മടങ്ങാന്‍ കൂടെ നിന്ന വി.പി.എസ് ലേക്ഷോറിനോട് ഒരുപാട് നന്ദിയുണ്ടെന്ന് ആവണി പ്രതികരിച്ചു.

ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്, ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമാണ് ജെ. ആവണി. വിവാഹ ദിനത്തില്‍ അപകടം ഉണ്ടായെങ്കിലും അന്ന് തന്നെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍, രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണ്‍ വി.പി.എസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ചാണ് താലികെട്ടിയത്.അന്ന് ഉച്ചക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആലപ്പുഴ തുമ്പോളിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റതോടെ ആവണിയെ വിദഗ്ധ ചികിത്സക്ക് വി.പി.എസ് ലേക്ഷോറില്‍ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രി വിവാഹം നടത്താന്‍ സൗകര്യമൊരുക്കിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories