ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. 11 ദിവസമായി രാഹുൽ ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
നിലവിലുള്ള അന്വേഷണ വിവരങ്ങൾ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടോ എന്ന സംശയത്തെ തുടർന്നാണ് ഈ നടപടി. പലതവണ രാഹുൽ ഉള്ള സ്ഥലത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചെങ്കിലും, അന്വേഷണ സംഘം അവിടെ എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇത് പൊലീസിന്റെ നീക്കങ്ങൾ ചോരുന്നതുകൊണ്ടാണോ എന്ന സംശയത്തിന് ബലമേകുന്നു.
ബംഗളൂരുവിലെ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുൽ ഒളിവിൽ കഴിയുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ കാസർഗോഡ് ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും.
ആദ്യത്തെ കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. എന്നാൽ, രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.