Share this Article
KERALAVISION TELEVISION AWARDS 2025
തദ്ദേശ തെരഞ്ഞെടുപ്പ്; 7 ജില്ലകളിൽ വോട്ടെടുപ്പിന് തുടക്കം
Kerala Local Body Election 2025

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.

തലസ്ഥാനത്ത് ത്രികോണ മത്സരം

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ആരുപിടിക്കുമെന്നതാണ് തലസ്ഥാനത്തെ പ്രധാന ചർച്ച. എൽഡിഎഫ് ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ, ഭരണം പിടിച്ചെടുക്കാൻ യുഡിഎഫും എൻഡിഎയും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വികസനവും ഭരണവിരുദ്ധ വികാരവും ഒരേപോലെ ചർച്ചയാകുന്ന തെരഞ്ഞെടുപ്പാണിതെന്ന് നേതാക്കൾ പ്രതികരിച്ചു.


കൊച്ചിയിൽ ട്വന്റി-20 സാന്നിധ്യം
എറണാകുളം ജില്ലയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾക്ക് പുറമെ ട്വന്റി-20 യുടെ സാന്നിധ്യവും മത്സരം കടുപ്പിക്കുന്നു. കൊച്ചി നഗരസഭയിലെ വെള്ളക്കെട്ട്, മാലിന്യ സംസ്കരണം (ബ്രഹ്മപുരം) തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഹൈബി ഈഡൻ എംപി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. കിഴക്കമ്പലം അടക്കമുള്ള പഞ്ചായത്തുകളിൽ ഭരണം നിലനിർത്താനാണ് ട്വന്റി-20 ശ്രമം.

കോട്ടയത്തും ഇടുക്കിയിലും വീറും വാശിയും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കോട്ടയത്തുണ്ട്. കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പം ചേർന്ന ശേഷമുള്ള ബലപരീക്ഷണം കൂടിയാണിത്. ഇടുക്കിയിൽ വന്യജീവി ശല്യം, ഭൂപ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. മൂന്നാർ അടക്കമുള്ള ഹൈറേഞ്ച് മേഖലകളിൽ കൊടും തണുപ്പിനെ അവഗണിച്ചും വോട്ടർമാർ ബൂത്തുകളിലെത്തി.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കൊല്ലം കോർപ്പറേഷനിൽ 25 വർഷത്തെ ഭരണതുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ആലപ്പുഴയിലും എൽഡിഎഫിന് മുൻതൂക്കമുള്ള മേഖലകളിൽ വിള്ളൽ വീഴ്ത്താനാണ് യുഡിഎഫ് ശ്രമം. പത്തനംതിട്ടയിൽ പ്രാദേശിക വിഷയങ്ങൾക്കൊപ്പം ശബരിമല അടക്കമുള്ള വിഷയങ്ങളും എൻഡിഎയും യുഡിഎഫും പ്രചാരണായുധമാക്കിയിരുന്നു.

ക്രമീകരണങ്ങൾ പൂർണം

വോട്ടെടുപ്പ് സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കായി പിങ്ക് ബൂത്തുകളും, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും മാതൃകാ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.

സംസ്ഥാന രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കാൻ പോകുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്ന് വിലയിരുത്തപ്പെടുന്നു. ഭരണപക്ഷത്തിന് ഇത് അഭിമാന പോരാട്ടമാണെങ്കിൽ, പ്രതിപക്ഷത്തിന് തിരിച്ചുരവിനുള്ള അവസരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories