തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്തുന്നതിനായി സി പി എം, സി പി ഐ പാർട്ടികളുടെ നേതൃയോഗങ്ങൾ ഇന്നു ചേരും. പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കാനാണ് മുന്നണിയുടെ തീരുമാനം.
തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണ്ണകവർച്ചാ വിവാദവും, ആഗോള അയ്യപ്പ സംഗമവും തിരിച്ചടിയായെന്നാണ് പാർട്ടികളുടെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ, കഴിഞ്ഞ 10 വർഷത്തെ ഭരണ നേട്ടങ്ങളും വികസന പദ്ധതികളും വോട്ടർമാരിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ലെന്നും യോഗങ്ങൾ വിലയിരുത്തും.
ഇന്ന് ചേരുന്ന നേതൃയോഗങ്ങളിൽ ജില്ലകളിൽ നിന്നുള്ള വോട്ട് കണക്കുകൾ ക്രോഡീകരിച്ച് വിശദമായ പരിശോധന നടക്കും. എന്തൊക്കെ തിരുത്തൽ നടപടികൾ വേണമെന്ന് പാർട്ടി നേതൃത്വത്തെ രേഖാമൂലം അറിയിക്കാൻ അണികൾക്ക് സി പി എം നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി, അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.