തമിഴ്‌നാട്ടിലെ കരൂരിൽ നടന്ന ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന പൊതുതാൽപര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ടിവികെയുടെ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂർ ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.
നാല് ഹർജികളാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. അപകടം ആസൂത്രിതമാണെന്നും കല്ലേറുണ്ടായെന്നും സിബിഐ അന്വേഷണം വേണമെന്നും ടിവികെ ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം, നിശ്ചിത സമയത്തിനപ്പുറം റാലി നീട്ടിയതും, അനുമതിയില്ലാതെ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചതും അപകടത്തിന് കാരണമായെന്ന് എഫ്ഐആറിൽ പോലീസ് പറയുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് വിജയ് ഉന്നയിച്ചത്. രാഷ്ട്രീയമായി തന്നെ നേരിടാൻ ഡിഎംകെ സർക്കാർ ശ്രമിക്കുകയാണെന്നും എംകെ സ്റ്റാലിനും സർക്കാരിനും എതിരെ വലിയ വിമർശനമാണ് വിജയ് ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം എൻഡിഎ നേതാക്കളായ അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവരും കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘവും കരൂർ ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. ഈ വിഷയത്തിൽ ജില്ലാ കളക്ടറോടും എസ്പിയോടും എൻഡിഎ നേതാക്കൾ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലുള്ള സംഘവും കരൂർ ദുരന്തസ്ഥലം സന്ദർശിക്കും.ഇന്ന് കോടതി പരിഗണിക്കുന്ന ഹർജികളിൽ വരുന്ന വിധി വിജയിക്കും ഡിഎംകെ സർക്കാരിനും ഒരുപോലെ നിർണായകമാണ്.