അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഏറ്റവും വിശ്വസ്തനും വലതുപക്ഷ പ്രവർത്തകനുമായ ചാർലി കെർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ടേണിംഗ് പോയിൻ്റ് യുഎസ്എയുടെ സിഇഒ ആയിരുന്ന ചാർലി കെർക്ക്, ട്രംപിൻ്റെ "അമേരിക്ക ഗ്രേറ്റ് എഗെയ്ൻ" എന്ന മുദ്രാവാക്യത്തിൻ്റെ പ്രധാന വക്താവായിരുന്നു. ട്രംപിനെ രണ്ടാം തവണയും പ്രസിഡൻ്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ കെർക്കിന് വലിയ പങ്കുണ്ടായിരുന്നു.
ഏകദേശം 3,000-ത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ കെർക്ക് ഒരു ടെൻ്റിനടിയിലിരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയം, 450 മീറ്ററോളം ദൂരെയുള്ള ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്നാണ് അക്രമി വെടിയുതിർത്തത്. വെടിയേറ്റ കെർക്ക് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. കെർക്കിൻ്റെ മരണത്തിൽ ട്രംപ് അതിയായ ദുഃഖം രേഖപ്പെടുത്തി. കെർക്കിനെപ്പോലെ അമേരിക്കൻ യുവാക്കളുടെ മനസ്സ് മനസ്സിലാക്കിയ മറ്റൊരാളില്ലെന്നും, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തെ മുന്നോട്ട് നയിക്കാൻ സഹായിച്ചെന്നും ട്രംപ് തൻ്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
കുടിയേറ്റക്കാർക്കെതിരായ നിലപാടുകൾ ഉൾപ്പെടെയുള്ള യാഥാസ്ഥിതിക ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്നു ചാർലി കെർക്ക്.