തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച അപ്രതീക്ഷിത വിജയത്തിനു പിന്നാലെ, കോർപ്പറേഷനുകളിലെ മേയർ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങി കോൺഗ്രസ്. കൊല്ലം, കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകളിലെ മേയർമാരെ ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. ഗ്രൂപ്പ് വഴക്കുകളോ, സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള വിലപേശലുകളോ ഒഴിവാക്കി വേഗത്തിൽ തീരുമാനങ്ങൾ എടുക്കണമെന്ന് എ.ഐ.സി.സി. നേതൃത്വം കെ.പി.സി.സി.ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപക് ദാസ് കെ.പി.സി.സി. പ്രസിഡൻ്റുമായും പ്രതിപക്ഷ നേതാവുമായും ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
കോർപ്പറേഷനുകളിലെ മേയർ സ്ഥാനാർത്ഥികളെ കെ.പി.സി.സി. നേതൃത്വമായിരിക്കും തീരുമാനിക്കുക, അതേസമയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി (ഡി.സി.സി) കൂടിയാലോചിച്ചാകും തിരഞ്ഞെടുക്കുക. കൊച്ചിയിലും തൃശ്ശൂരിലും അപ്രതീക്ഷിത വിജയമുണ്ടായ സാഹചര്യത്തിൽ, ഗ്രൂപ്പ് പോരുകൾക്ക് വഴി വെക്കാതെ സമവായത്തിലൂടെ സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. കൊല്ലത്ത് കോൺഗ്രസ് നേരത്തെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എ.കെ. ഹഫീസ് വിജയിച്ചത് കോൺഗ്രസിന് ആശ്വാസം നൽകുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സി.പി.എം. ഉൾപ്പെടെയുള്ള എൽ.ഡി.എഫ്. നേതാക്കളുടെ യോഗം ചൊവ്വാഴ്ച ചേരും. കൊല്ലം, പത്തനംതിട്ട തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ട കനത്ത പരാജയം പാർട്ടിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ലഭിച്ച മുന്നേറ്റവും എൽ.ഡി.എഫ്. യോഗം ചർച്ച ചെയ്യും. മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് മുന്നോടിയായി, ഈ വിജയം നിയമസഭയിലേക്ക് മുതലെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. നിലവിലെ വിജയത്തിൽ മതിമറക്കാതെ, നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പങ്കാളിത്തം നേടാൻ കഴിയുന്ന തരത്തിലേക്ക് നീങ്ങണമെന്ന നിർദ്ദേശവും എ.ഐ.സി.സി. നേതൃത്വം കെ.പി.സി.സി.ക്ക് നൽകിയിട്ടുണ്ട്.