ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിശദീകരണം തേടുന്നതിനായി സി.ഇ.ഒ. പീറ്റർ എൽബേഴ്സ് ഇന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ.) മുന്നിൽ ഹാജരാകും.
വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് രാജ്യവ്യാപകമായി യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടുകൾ, പ്രശ്നപരിഹാരത്തിനായി സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് ഡി.ജി.സി.എ.യുടെ നാലംഗ സമിതി ഇൻഡിഗോ സി.ഇ.ഒ.യോടും മറ്റ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടും.
ഇൻഡിഗോ സർവീസുകൾ മനഃപൂർവ്വം റദ്ദാക്കി പ്രതിസന്ധി സൃഷ്ടിച്ചതാണോ എന്ന സംശയങ്ങൾക്കിടയിലാണ് ഡി.ജി.സി.എ.യുടെ ഈ നീക്കം. സർവീസ് വെട്ടിച്ചുരുക്കി മറ്റ് കമ്പനികൾക്ക് കൈമാറിയതിനെക്കുറിച്ചും കേന്ദ്ര വ്യോമയാന മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഇന്നലെയും ഇൻഡിഗോയുടെ സി.ഇ.ഒ.യും ഉദ്യോഗസ്ഥരും ഡി.ജി.സി.എ.ക്ക് മുന്നിൽ ഹാജരായിരുന്നു.