ന്യൂഡല്‍ഹി: പാർലമെന്റിൽ കേന്ദ്രസർക്കാരിനെയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ജനാധിപത്യത്തെ നശിപ്പിക്കുന്ന ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. ഇ.ഡി.,തെരഞ്ഞെടുപ്പ് കമ്മിഷന്‍, സിബിഐ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തലവനേയും മറ്റു തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും തെരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റാൻ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്ര താത്പര്യം കാണിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വോട്ട് ചോരിയേക്കാൾ വലിയ രാജ്യദ്രോഹമില്ലെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.
1948-ല്‍ നാഥുറാം ഗോഡ്‌സെ ഗാന്ധിയെ കൊന്നു. അതിനുശേഷം അടുത്തഘട്ടമായി ഇന്ത്യയിലെ സ്ഥാപനങ്ങളെ പിടിച്ചെടുക്കലാണ് ആര്‍എസ്എസിന്റെ പദ്ധതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍, വിദ്യാഭ്യാസ രംഗം, സിബിഐ, ഇ.ഡി., ആദായനികുതി വകുപ്പ് തുടങ്ങിയവയെ അവർ പിടിച്ചെടുക്കുകയാണ്. ഇത് ജനാധിപത്യത്തെ നശിപ്പിക്കുകയാണ് ചെയ്യുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ആര്‍എസ്എസ് സമത്വത്തില്‍ വിശ്വസിക്കുന്നില്ല. പകരം ഒരു ശ്രേണിയില്‍ വിശ്വസിക്കുന്നു. ആ ശ്രേണിയില്‍ അവര്‍ ഏറ്റവും മുകളിലായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേ സമയം റായ് ബറേലിയിലെ സോണിയ ഗാന്ധിയുടെ വിജയം വോട്ട് ചോരിയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ ആരോപിച്ചു.1976 ൽ സ്വരൻ സിങ് കമ്മിറ്റി രൂപീകരിച്ച് ഒറ്റ ഭരണഘടനാ ഭേദഗതിയിലൂടെ രാഷ്ട്രപതിയുടെ അധികാരത്തെ മുഴുവനായി തന്നെ ഇല്ലാതാക്കുകയും വെറും റബ്ബർ സ്റ്റാമ്പ് ആക്കുകയും ചെയ്തതായി ബിജെപി എംപി ആരോപിച്ചു