Share this Article
News Malayalam 24x7
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചു, രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി
വെബ് ടീം
posted on 24-09-2025
1 min read
DGP

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.സെപ്തംബര്‍ 21ന് വര്‍ക്കല ശിവഗിരിയില്‍ വച്ചാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രൂക്ഷമായി പ്രതികരിച്ചത്.

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് രാജീവ് ചന്ദ്രശേഖര്‍ കയര്‍ത്ത് സംസാരിച്ചത്.'നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്. ഞാന്‍ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗണ്‍സിലറാണ്. നിങ്ങള്‍ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങള്‍ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതില്‍ നാണമില്ലേ നിങ്ങള്‍ക്ക്' എന്നായിരുന്നു രാജീവ് ചന്ദ്രേശഖര്‍ പറഞ്ഞത്.

തന്നെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതിന് ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി നേരിട്ട് കൈപ്പറ്റിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തുടര്‍നടപടികള്‍ക്കായി പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ജില്ലാ പൊലീസ് മേധാവി റൂറല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories