ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബിബിസിക്കെതിരെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷവിമർശനവുമായി രംഗത്ത്. തന്റെ പ്രസംഗം ഡോക്യുമെന്ററിയിൽ എഡിറ്റ് ചെയ്ത് ബിബിസി പ്രേക്ഷകരെ വഞ്ചിച്ചുവെന്ന് ആരോപിച്ച ട്രംപ്, ചാനലിനെതിരെ കേസ് നൽകുമെന്നും ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ഭീഷണിപ്പെടുത്തി.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ നടത്തിയ ഒരു പ്രസംഗത്തിലെ ഭാഗങ്ങൾ ബിബിസി ഒരു ഡോക്യുമെന്ററിയിൽ എഡിറ്റ് ചെയ്ത് അവതരിപ്പിച്ചെന്നും, ഇത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയായിരുന്നെന്നും ട്രംപ് ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിബിസിയിലെ രണ്ട് ഉന്നതർ രാജിവെച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി. ഒരു വാർത്താ പിഴവിനെ തുടർന്ന് ബിബിസിയിൽ രാജിയുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്.
ഇറാഖിന് ആണവായുധങ്ങൾ നിർമ്മിക്കാൻ യുറേനിയം ഉണ്ടെന്ന ബിബിസി വാർത്തയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് ആക്രമണത്തിന് വഴിവെച്ചതെന്നും ട്രംപ് ആരോപിച്ചു. അന്ന് നൽകിയ വ്യാജവാർത്തയിൽ അന്വേഷണം വന്നതോടെ ബിബിസി നേതൃത്വം ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞിരുന്നു.